നിര്‍ഭയ എന്ന ജ്യോതി സിംഗ് അതിക്രൂരമായി മാനഭംഗം ചെയ്ത് കൊല്ലപ്പെട്ടിട്ട് ഇന്ന് നാലാണ്ടുകള്‍ പൂര്‍ത്തിയാകുന്നു.
ഡല്‍ഹിയിലും രാജ്യത്തൊട്ടാകെയും പ്രതിഷേധക്കൊടുങ്കാറ്റുയരാനിടയാക്കിയ ആ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. ഇനിയൊരു പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെടരുതെന്ന് നമ്മള് ആഗ്രഹിച്ചു.
പക്ഷേ അതിനു ശേഷം എത്രയോ നിര്‍ഭയമാര്‍ “നിര്‍ഭയം“ പീഡിപ്പിക്കപ്പെട്ടു. അതെ, പീഡിപ്പിക്കപ്പെടുന്നവരല്ല പീഡിപ്പിക്കുന്നവരാണ് നിര്ഭയര്.
പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. സൌമ്യയും ജിഷയും പിന്നെ വാര്‍ത്തയില്‍ ഇടം നേടാതെ പോകുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികളും അവരുടെ വിലാപങ്ങളും….
തങ്ങള്‍ക്കെതിരെയുള്ള ബലാത്സംഗക്കേസ് പിന്‍വലിക്കാത്തതില്‍ പ്രകോപിതരായി അതേ പെണ്‍കുട്ടിയെ വീണ്ടും കൂട്ട ബലാത്സംഗത്തിനിരയാക്കിയത് പശുവിറച്ചി തിന്നാല്‍ തല്ലിക്കൊല്ലുന്ന ഹര്യാനയില്‍.
ഓരോ സംഭവവും ഒരു വിരാമമല്ല, മറിച്ച് മറ്റൊന്നിനുള്ള നാന്ദിയാകുകയാണ് ചെയ്യുന്നത്.
ശക്തമായ നിയമത്തെ ദുര്‍ബ്ബലമാക്കാന്‍ പോന്ന പഴുതുകള്‍ കണ്ടെത്തി അഭിഭാഷകര്‍ കുറ്റവാളികളെ നിഷ്പ്രയാസം നിയമത്തിന്റെ കുടുക്കുകളില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍
അനുഭവിച്ച വേദനയും അപമാനവും തെളിയിക്കാനാകാതെ സ്ത്രീത്വം വീണ്ടും വീണ്ടും കോടതി മുറികളില്‍ വിവസ്ത്രരാക്കപ്പെടുന്നു.
സമൂഹം കണ്ണുകള്‍ മറച്ച സദാചാരത്തിന്റെയും സഹാനുഭൂതിയുടെയും വിരലുകള്‍ക്കിടയിലൂടെ ഇക്കിളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ തെരഞ്ഞുകൊണ്ടേയിരിക്കുന്നു.
നിര്‍ഭയരായി നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാനുള്ള ഇടമായി ഭാരതം മാറട്ടെ.
