അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസയേഷനെതിരേ തുറന്നടിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള. അര്‍ജന്റീനയുടെ പുതിയ കോച്ചാക്കാന്‍ ഗ്വാര്‍ഡിയോളയെ സമീപിച്ചതായും എന്നാല്‍ അദ്ദേഹം ആവശ്യപ്പെടുന്ന ശമ്പളം നല്കാന് കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും ദേശീയ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ കുറച്ചു ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗ്വാര്‍ഡിയോള.പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച ആഴ്സനലിനെതിരേ നടക്കാനിരിക്കുന്ന സീസണിലെ ആദ്യ മല്‍സരത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം എഎഫ്എയുടെ വാദം തള്ളിയത്.വലിയ പണസഞ്ചിയില്ലാത്തതിനാല് ഗ്വാര്‍ഡിയോള ഓഫര്‍ സ്വീകരിച്ചില്ലെന്ന ടാപ്പിയയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കടുത്ത നിരാശ തോന്നിയതായി ഗ്വാര്‍ഡിയോള പറഞ്ഞു. എഎഫ്എ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ടാപ്പിയയുടെ ഈ പ്രസ്താവന കേട്ടപ്പോള്‍ വളരെയധികം വിഷമം തോന്നിയതായും അദ്ദേഹം വ്യക്തമാക്കി.ഗ്വാര്‍ഡിയോളയ്ക്കു പ്രതിഫലമായി നല്‍കാനുള്ള പണം തങ്ങളുടെ പക്കല്‍ ഇല്ലെന്ന് പറയുമ്പോള്‍ തന്നെ തന്റെ പ്രതിഫലം എത്രയാണെന്ന് എഎഫ്എയ്ക്ക് അറിയുമോയെന്ന് ഗ്വാര്‍ഡിയോള ചോദിച്ചു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അര്‍ജന്റീനയുടെ കോച്ച് ഓഫറുമായി തന്നെയാരും സമീപിച്ചിട്ടില്ല.
