അത്തത്തിനെത്തിയാൽ പിന്നെയെങ്ങും
മാഞ്ഞങ്ങു പോവല്ലേ, പൊൻവെയിലേ
ശാരികതന്നുള്ളിൽ മോഹമേറെ
പാടിപ്പറക്കുവാൻ നാടുനീളെ
മാങ്കൊമ്പിൽ ഞാലുമൂഞ്ഞാലുകളിൽ
കുട്ടികളാടുമ്പോൾ കണ്ടിരിക്കാൻ
മാവേലിപ്പാട്ടുകൾ നീട്ടിപ്പാടാൻ
പൂങ്കുയിലിന്നാശയേറെയല്ലോ
വർണ്ണം നിറയുന്ന പൂക്കളങ്ങൾ
കണ്ടുകണ്ടങ്ങനെ ചുറ്റുവാനും
ഓണവെയിലിൽ നീരാടുവാനും
തുമ്പിപ്പെണ്ണാളിന്റെ ചിന്തയല്ലോ
പൂനുള്ളാൻ കൂട്ടുകാരെത്തുംനേരം
പുഷ്പവാടിക്കുള്ളിലങ്ങുമിങ്ങും
പൂപ്പൊലിപ്പാട്ടുകൾ കേട്ടുപാറും
പൂമ്പാറ്റയാഗ്രഹം ചൊല്ലിയേവം
നീട്ടിയെറിയുമിലകളിലെ
ബാക്കിവിഭവങ്ങൾ കൊത്തിത്തിന്നാൻ
നാട്ടുവിശേഷങ്ങളേറെ കേൾക്കാൻ
കാക്കച്ചിയെപ്പോഴും കാത്തിരിപ്പൂ
എങ്ങെങ്ങുമാശകൾ കൂടുംനേരം
മാനസംതന്നിലെ പൈതൽ ചൊല്ലി
ഓണമെത്രയാടിത്തിമിർത്താലും
തൃപ്തിവന്നീടുമോ കുട്ടികളിൽ!
One Comment
Abhilash Surendran
നമസ്കാരം ,സുഹൃത്തുക്കളേ