“മോളേ……….നാളെ രാവിലെ കുളികഴിഞ്ഞേ അടുപ്പ് കത്തിയ്ക്കാവൂ….ഭക്ഷണം കഴിയ്ക്കാവൂ ട്ടോ…….”
“നാളെ നിനക്കൊരിയ്ക്കലാണ്…..മറ്റന്നാള്‍ വാവല്ലേ?”. എന്റെ മുഖത്തെ സംശയഭാവം കണ്ടിട്ടാകാം അമ്മ അടുത്തുവന്നിരുന്നു.
“അതേയ്….. ഇത്തവണ ചാത്തമൂട്ടാന്‍ നീയുണ്ടായിരുന്നില്ലല്ലോ….. ടൂറ് പോയയ്ക്കായിരുന്നില്ലേ ?. അതോണ്ട് വാവുബലിയൂട്ടണം” അമ്മയെന്നെ സൂക്ഷിച്ചുനോക്കി.
“നിന്റച്ഛന് ഒത്തിരി ദണ്ഡമുണ്ട്…… വിളംബിവച്ചിരിയ്ക്കുന്ന ചോറിനു മുന്നിലിരുന്ന് ചുറ്റും നോക്കും. ന്റെ മോളെവിടാ….അവള് വന്നിട്ടുമതിയെനിയ്ക്കെല്ലാംന്നു പറയും”. അമ്മേടെ നോട്ടത്തിനു നനവുണ്ട്.
“ഒരു വറ്റുപോലും തൊടില്യാ…….ഒന്നുര്യാടപോലും ചെയ്യാതെ ഒറ്റയിരുപ്പാണ്. …..പാവം”.അമ്മയുടെ നെടുവീര്‍പ്പില്‍ അച്ഛനോടുള്ള സ്നേഹമിപ്പോഴും തെളിഞ്ഞു നില്ക്കുന്നു.
“ഒന്ന് കണ്ണടച്ചാല്‍ അപ്പൊ മുന്നിലുണ്ടാവും…”.അമ്മയെഴുന്നേറ്റു കണ്ണുതുടച്ചു കൊണ്ട് ഉള്ളിലേയ്ക്ക് പോയി.
ഒരു ഫോട്ടോ ഉമ്മറത്തെ ചുമരില്‍ തൂങ്ങുന്നതു കാരണം അച്ഛന്റെ രൂപം കുറച്ചെങ്കിലും ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. അത്ര ചെറുതിലേ നഷ്ടപ്പെട്ടതാണെനിയ്ക്ക് അച്ഛനെ. അന്ന് രണ്ടാം ക്ലാസ്സിലായിരുന്നു. വര്‍ക്ക്ഷോപ്പിലെ ജോയിചേട്ടനാണ് എന്നെ ക്ലാസ്സീന്നു വിളിച്ചോണ്ടു വന്നത്. അച്ഛന്റെ സൈക്കിളിലായിരുന്നു അയാള്‍ വന്നത്. മുന്നിലെ കുഞ്ഞുസീറ്റിലെന്നെയിരുത്തി വേഗത്തില്‍ സൈക്കിള്‍ ചവിട്ടുമ്പോഴാണ് അച്ഛന് മരിച്ചെന്ന് അയാളെന്നോട് പറഞ്ഞത്. ജോയിചേട്ടന് കരയുന്നുണ്ടായിരുന്നു. അതുകണ്ടപ്പോള്‍ എനിയ്ക്കും സങ്കടമായി. ബോധം കെട്ടുകിടക്കുന്ന അമ്മയെ ഞാനോര്‍ക്കുന്നു. വീട്ടില്‍ നിറയെ ആളുകളായിരുന്നു. യൂണിഫോം മാറ്റാതെ ഞാന്‍ ആളുകള്‍ക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നതുമോര്ക്കുന്നു. താന്‍ പെണ്‍കുട്ടിയായതിനാല്‍ കര്‍മ്മങ്ങള്‍ ചെയ്തത് ചെറിയച്ചനായിരുന്നു. പിന്നെന്റെ ഓര്‍മ്മയില്‍ ആളിക്കത്തുന്നൊരു ചിതയുണ്ട്. അന്ന് സ്കൂള്‍ യൂണിഫോമില്‍ തന്നെയാണ് ഞാനുറങ്ങിയതും.
പുലര്‍ച്ചെ മുറ്റത്ത് പച്ചയോല മെടഞ്ഞുകുത്തിയുണ്ടാക്കിയൊരു ചെറുപുരയില്‍ ബലികര്‍മ്മങ്ങള്‍ അനുഷ്ടിയ്ക്കുകയാണ് ചെറിയച്ചന്. കരയോഗത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുസ്തകത്തില്‍ നോക്കി വായിച്ചു കൊടുക്കുന്നതും മേല്‍നോട്ടം വഹിയ്ക്കുന്നതും മൂത്തമ്മാവനാണ്. തൂശനിലയില്‍ മൂന്നുരുള ചോറുരുട്ടിവച്ച് എള്ളും പൂവും നീരും കൂട്ടീട്ട് നനഞ്ഞകൈ ആഞ്ഞുകൊട്ടി ചെറിയച്ചന് തിരിഞ്ഞുനടന്നു. ഏറെ നേരംകഴിഞ്ഞിട്ടും ബലിച്ചോറുണ്ണാന്‍ കാക്കകളെത്തീല്ല.
“ഇല്ലാ……ഓന് കൂട്ടാക്കില്ല. മോള് വിളിയ്ക്കാണ്ട് കൃഷ്ണന് വരില്യാ…”തെക്കേലെ മുത്തശ്ശിയിതു പറയുമ്പോള്‍ ജനാലയില്‍ പിടിച്ചുനിന്നിരുന്ന അമ്മയുടെ തേങ്ങല്‍ ഉച്ചത്തിലായി. ആരൊക്കെയോചേര്ന്നെന്നെ തോട്ടുവക്കത്തെത്തിച്ചു. ഐസ് പോലെ തണുത്ത വെള്ളത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ ആകെ വിറയ്ക്കുകയായിരുന്നു. നനഞ്ഞ പെറ്റിക്കോട്ടും ധരിച്ചെത്തിയ തന്നെകൊണ്ട് ചെറിയച്ചന് തുളസിയും എള്ളും ചന്ദനവും പിണ്ഡത്തിന്മേല്‍ വയ്പ്പിച്ചു. അച്ഛനെ മനസ്സില്‍ വിചാരിച്ച് ആകാശത്ത് നോക്കി കൈകൊട്ടാന്‍ പറഞ്ഞു. ശബ്ദം പോരാഞ്ഞിട്ട് ചെറിയച്ചന് വീണ്ടും കൈനനച്ചു കൊട്ടി.
“ദേ ….മോള്‍ടെ അച്ഛന് വന്ന് ബലിചോറുണ്ണുന്നത് കണ്ടോ”. ചാരനിറത്തില്‍ കഴുത്തുള്ളൊരു കാക്ക ബലിച്ചോറുണ്ണുന്നത് ജനലഴികള്‍ക്കിടയിലൂടെ ഞാന്‍ കണ്ടു. ആ കാക്ക ഇടയ്ക്കിടെ തലചരിച്ച് ജനാലയ്ക്കിപ്പുറത്തെ ഞങ്ങളെയും ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. ഇന്നലവരെ മനുഷ്യനായിക്കണ്ട അച്ഛനെ കാക്കയായി കണ്ടതിലുള്ള വിസ്മയമായിരുന്നു എന്നില്‍. പിന്നീടുള്ള ദിനങ്ങളില്‍ കര്‍മ്മങ്ങള്‍ ചെയ്തത് ചെറിയച്ചനാണേലും അമ്മാവന്റെ നിര്‍ദേശപ്രകാരം ഞാന്‍ ഈറനണിഞ്ഞ് ചെറിയച്ചനെ തൊട്ടു നില്ക്കുമായിരുന്നു. അപ്പോഴും മരക്കൊമ്പുകളിലെവിടെയെങ്കിലും ചാരക്കഴുത്തുള്ള കാക്കയെ തിരയുകയായിരുന്നെന്റെ കണ്ണുകള്‍. പകല്‍സമയത്ത് ദുഃഖം തളംകെട്ടി നില്ക്കുന്ന വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങി വരാന്തയിലെ സിമന്റുതറയുടെ തണുപ്പറിഞ്ഞു കിടക്കുമ്പോള്‍ മുറ്റത്തെ പുളിങ്കൊമ്പില്‍ കാക്കകളിരിയ്ക്കുന്നതു കാണാം. പക്ഷേ അക്കൂട്ടത്തില്‍ അച്ഛനെ കണ്ടെത്താന്‍ എനിയ്ക്കായില്ല.
പാപനാശത്തിലായിരുന്നു അസ്ഥിയൊഴുക്കല്. അന്നാണ് കടല്‍ കാണുന്നത്. ഈറനണിയാനായി കടലില്‍ കുളിയ്ക്കുമ്പോഴാണ് കടല്‍ വെള്ളത്തിന് ഉപ്പാണെന്നറിഞ്ഞത്. നനഞ്ഞവസ്ത്രങ്ങളുമണിഞ്ഞ് കാര്‍മ്മികന്റെ മുന്നിലിരിയ്ക്കുമ്പോഴും ഒന്നിനുപിറകേയൊന്നായി പാഞ്ഞടുക്കുന്ന തിരമാലകളെ ശ്രദ്ധിയ്ക്കുകയായിരുന്നു ഞാന്‍. ചുവന്നതുണികൊണ്ടുള്ള ആവരണമഴിച്ചുമാറ്റി തുറന്നുവച്ച ചെറിയ മണ്‍പാത്രത്തിനുള്ളില്‍ അച്ഛന്റെ അസ്ഥികള്‍. അച്ഛന്റെ അവശേഷിയ്ക്കുന്ന ഭൌതികാംശത്തെ കുറേ നേരം നോക്കിയിരുന്നു.കര്‍മ്മങ്ങള്‍ ഞാനാണ് ചെയ്യേണ്ടതെന്ന് കാര്മ്മികന് കല്പ്പിച്ചപ്പോള് എല്ലാവരും വഴങ്ങി. പിണ്ഡം മണല്പരപ്പില് കൊണ്ടുവച്ചപ്പോള്‍ ഒത്തിരി കാക്കകള്‍ മത്സരിച്ചു തൂശനില കൊത്തിവലിച്ചു. ഏറെനേരം നോക്കിനിന്നിട്ടും ആക്കൂട്ടത്തിലെന്റെ അച്ഛനെ തിരിച്ചറിയാനാവാതെ കുഴങ്ങി ഞാന്‍. അസ്ഥിയൊഴുക്കാനായി മണ്‍കലവും തലയിലേറ്റി കടലിലേയ്ക്ക് നടക്കുമ്പോള്‍ ഒരു കൈയ്യില്‍ മുറുകെപ്പിടിച്ചു കൊണ്ട് ചെറിയച്ചനും ഒപ്പമുണ്ടായിരുന്നു. കാക്കകള്‍ പറന്നുമാറി ഒരുക്കിയ വഴിയിലൂടെ കടലിലേയ്ക്ക് നടക്കുമ്പോഴും ഞാന്‍ തിരഞ്ഞിരുന്നത് എന്റെ അച്ഛന്റെ ആത്മാവ് പേറുന്ന കാക്കയെയായിരുന്നു. തലയിലെ മണ്‍കലം പുറകിലേക്ക് മറിച്ചിട്ടിട്ട് അരയോളം വെള്ളത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ ചെറിയച്ചനെന്നെ ചേര്‍ത്ത് പിടിച്ചു. തിരയടങ്ങിയ നേരമായിരുന്നു അത്. ഓളങ്ങള്‍ക്കു മുകളിലൂടെ ആ മണ്‍കലം തെന്നി നീങ്ങുന്നത് നോക്കി നിന്നു. ഒരു ചെറുതിരയില്പ്പെട്ടത് മുങ്ങിതാഴ്ന്നപ്പോള്‍ മനസ്സ് വല്ലാതെ നൊന്തു. അതിലൊരു അസ്ഥിയെങ്കിലും ഒഴുക്കിലും തിരയിലും പെട്ട് എഴുകടലും താണ്ടി അക്കരെയെത്തുമത്രേ. അപ്പോഴേ ആത്മാവിന് മോക്ഷപ്രാപ്തി യുണ്ടാവൂന്ന് തെക്കേലെ മുത്തശ്ശി പറഞ്ഞതോര്ത്തെങ്കിലും എനിയ്ക്ക് സങ്കടം സഹിയ്ക്കാനായില്ല. ഇനി എനിയ്ക്കച്ഛനില്ലെന്ന സത്യം അപ്പോഴാണ് മനസ്സിലേയ്ക്കിടിച്ചു കേറിയത്. ഞാന്‍ കരയുകയായിരുന്നു. ചെറിയച്ചനെന്നെ ചേര്‍ത്തുപിടിച്ച് സമാധാനിപ്പിയ്ക്കുമ്പോഴും ഞാന്‍ ഏങ്ങലടിച്ച് ഉറക്കെ കരയുകയായിരുന്നു.
One Comment
ഉണ്ണിക്കണ്ണന്.കെ.ആര്
i vartha യ്ക്ക് നന്ദി….