ലോക്സഭാ തെരഞ്ഞടുപ്പ് എക്സിറ്റ് പോളിൽ ബിജെപിക്കു വൻ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടതിനു പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ചുള്ള പരാതിയുമായി 21 പ്രതിപക്ഷ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്കയെന്ന് പ്രതിപക്ഷ നേതാക്കൾ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ കമ്മീഷനെ കണ്ട് നിവേദനം നൽകി.
ഇന്ന് ഉച്ചയ്ക്ക് 1.30ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രതിപക്ഷ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. വിവിപാറ്റ് രസീതുകൾ എണ്ണിയ ശേഷം ഇവിഎമ്മിലെ വോട്ടുകൾ എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു. സാംപിൾ വിവിപാറ്റിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണം. മാത്രമല്ല ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വോട്ടെണ്ണലിനു മുൻപായി വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോയതിലെ പാളിച്ചകളും ആശങ്കകളും പങ്കുവച്ചതായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്നു. സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഒന്നും ചെയ്തിട്ടില്ല. ആവശ്യങ്ങൾ കമ്മീഷൻ തുടർച്ചയായി നിരാകരിച്ചുവെന്നും കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞു. ഇന്നുന്നയിച്ച ആവശ്യം നാളെ പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചതായി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
Recent Comments