കേരളത്തിലെ 21 നദികൾ അതിമാരകമായ അപകടമാലിന്യങ്ങൾ വഹിച്ചൊഴുകുന്നവയാണെന്ന് കേന്ദ്രം. സംസ്ഥാനത്ത് ആകെ 44 നദികളാണുള്ളത്. അതിൽ 21 എണ്ണവും അപകടകരമായ വിധത്തിൽ മലിനീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നു കേന്ദ്ര ജലശക്തി മന്ത്രി രത്തൻ ലാൽ കട്ടാരിയ ഇന്നലെ ലോക്സഭയെ രേഖാമൂലം അറിയിച്ചു. ഇന്ത്യയിൽ ആകെ 351 നദികളാണ് അപകടകരമായ വിധത്തിൽ മാലിന്യം കലർന്നൊഴുകുന്നത്.
കാർഷിക മാലിന്യങ്ങളാണ് പ്രധാനമായും നദികളെ അപകടകരമാക്കുന്നത്. നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽനിന്നും ഒഴുക്കിവിടുന്ന മലിന ജലവും വ്യാവസായിക മാലിന്യങ്ങളും നദികളെ കൂടുതൽ അപകടകരമാകുന്നു. രാജ്യത്തെ 25 നദീതടങ്ങളായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. നദികളാണ് ഏറ്റവും സജീവമായ ജലസ്രോതസുകൾ. എന്നാൽ കാലാവസ്ഥാ വ്യതിയാനം നദികളുടെ സജീവതയെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മഴലഭ്യത നീരൊഴുക്കിനെ സാരമായി ബാധിച്ചു എന്നായിരുന്നു മറുപടി. ഇതു സംബന്ധിച്ച് ടി.എൻ. പ്രതാപൻ എംപി ചോദിച്ച ചോദ്യങ്ങൾക്കു രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി കേരളത്തിലേതടക്കം രാജ്യത്ത് മനുഷ്യനു മരണകാരണമാകും വിധത്തിൽ വിഷമയമായി ഒഴുകുന്ന നദികളെക്കുറിച്ചു വിശദീകരിച്ചത്.
Recent Comments