പതിവിലും വൈകിയാണ് ശകുന്തള ഇന്ന് വീട്ടിൽ നിന്നിറങ്ങിയത്,
” ബുദ്ധിമുട്ടിക്കുകയാണെന്ന് കരുതരുത്, നീ ഇവിടെ വരെ ഒന്ന് വരണം, ഒന്ന് കാണണമെന്നുണ്ട് “
തലേന്ന് രാത്രി വന്ന സുധയുടെ ഫോൺകാളിന് ഉചിതമായൊരു തീരുമാനത്തിലെത്തുവാൻ ശകുന്തളക്ക് ഇതുവരെ കഴിഞ്ഞില്ല ,
പോകണോ, വേണ്ടയോ എന്ന ആശയകുഴപ്പം ശകുന്തളയുടെ മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുകയാണ്,
വീടിന്റെ പ്രധാനവാതിൽ പൂട്ടിയെന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തിയ ശേഷം, തന്റെ ആക്റ്റിവ സ്കൂട്ടർ സ്റ്റാർട്ടാക്കുമ്പോഴേക്കും, ശകുന്തളയുടെ മൊബൈൽ ശബ്ദിച്ചു,
മറുതലക്കൽ പാർട്ടി ബ്രാഞ്ച് സെക്രട്ടറി സുരേഷാണ്,
കാൾ യു ലേറ്റേർ എന്ന് മെസ്സേജ് അയച്ച ശേഷം ശകുന്തള വണ്ടി മുന്നോട്ടെടുത്തു,
” വിശദീകരണം നൽകണം പോലും, ഞാനെന്ത് വിശദീകരണം നൽകാനാണ് “
ശകുന്തളയുടെ വലതുകൈ വണ്ടിയുടെ ആക്സിലേറ്ററിൽ അമരുമ്പോഴും വാക്കുകൾ ആരോടെന്നില്ലാതെ പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു,
” ഇന്നെന്താ വൈകിയോ? “
” ഇത്തിരി വൈകി മെമ്പറേ “
വീടിന്റെ ഗേറ്റ് കടന്നു ഇടത്തോട്ട് തിരിഞ്ഞു മുന്നോട്ട് നീങ്ങി കലുങ്കിന് സമീപമെത്തിയപ്പോൾ, പ്രഭാതനടത്തവും, പളനിയപ്പന്റെ കടയിലെ പതിവ് ചായകുടിയും കഴിഞ്ഞു കയ്യിൽ അന്നത്തെ ദേശാഭിമാനി പത്രവുമായി എതിർദിശയിൽ നടന്നുവരുന്ന മുൻ പഞ്ചായത്ത് മെമ്പർ സുഗതന്റെ ചോദ്യത്തിന് ശകുന്തള നല്കിയ മറുപടിയിൽ പാതിയും, അവിടെ തുള്ളികളിച്ചു നിന്ന വൃശ്ചികമാസ പുലരിയിലെ തണുത്തകാറ്റ് കവർന്നുകൊണ്ട് പോയി,
ഇപ്പോൾ അന്നാട്ടിലെ പഞ്ചായത്ത് മെമ്പർ അംബുജാക്ഷി ടീച്ചർ ആണേലും, മുപ്പത്തിമൂന്നു ശതമാനം വനിതാ സംവരണം വരുന്നതിന് മുമ്പ് വർഷങ്ങളോളം ആ നാട്ടിലേ മെമ്പറായിരുന്ന സുഗതനെ മെമ്പർ എന്ന് തന്നെയാണ് ഇപ്പോഴും നാട്ടുകാർ വിളിക്കാറുള്ളത്,
” കഴിഞ്ഞ ദിവസത്തെ സംഭവം വല്ലോം അറിഞ്ഞു അത് മനസ്സിൽ വെച്ചാകുമോ മെമ്പർ തന്നോട് വൈകിയോ എന്ന് ചോദിച്ചത് ഹേയ് അവരൊക്കെ ലോകപരിചയവും വിവരവും ഉള്ളവർ അല്ലെ, അത്രക്ക് ഇടുങ്ങിയ രീതിയിൽ മെമ്പർ ചിന്തിക്കില്ല,
അല്ലേൽ ചിന്തിച്ചാൽ തന്നെ എനിക്ക് ഒരു കുന്തവുമില്ല “
സുഗതൻ മെമ്പറെ മറികടന്ന് ആക്റ്റിവ മുന്നോട്ട് നീങ്ങുമ്പോഴും ശകുന്തള മനസ്സിൽ ചോദ്യങ്ങൾ രൂപപ്പെടുത്തുകയും, അതിനുത്തരങ്ങൾ സ്വയം കണ്ടെത്തുകയുമായിരുന്നു,
മനസ്സിൽ കണക്ക് കൂട്ടലുകൾ തുടരവേ തന്നെ പളനിയപ്പന്റെ ചായക്കടയും പിന്നിട്ടു മുന്നോട്ട് നീങ്ങിയ ശകുന്തള, ചായക്കട കഴിഞ്ഞുള്ള രണ്ടാമത്തെ വളവിൽ വണ്ടി നിർത്തിയ ശേഷം, റോഡരികിലായി സ്ഥാപിച്ചിരിക്കുന്ന കാണിക്കവഞ്ചിയിൽ ഏതാനും ചില്ലറ തൊട്ടുകൾ നിക്ഷേപിച്ചു,
” സഖാവ് ഇപ്പോൾ ഭഗവാനും കൈക്കൂലി കൊടുത്തു തുടങ്ങിയോ? “
റോഡിന്റെ എതിർ ദിശയിലെ ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്തു നിൽക്കുന്ന പ്രദേശത്തെ പാർട്ടി ബ്രാഞ്ച് സെക്രട്ടറി സുരേഷ് ശകുന്തളയോടായി തുടർന്നു,
” വൈകിട്ട് ബ്രാഞ്ച് ഉള്ള കാര്യം ഓർമ്മിപ്പിക്കാനാണ് ഞാൻ കുറച്ച് മുമ്പ് വിളിച്ചത് , സഖാവിന്റെ ഭാഗത്ത് നിന്നും വിശദീകരണം തരേണ്ടി വരും “
” കമ്മറ്റിക്ക് പരമാവധി ഞാൻ പങ്കെടുക്കാൻ ശ്രമിക്കാം സഖാവെ , പക്ഷേ എനിക്ക് പ്രത്യേകിച്ച് വിശദീകരണമൊന്നും തരാനില്ല, നിങ്ങൾ തന്നെ ഒരു നിഗമനത്തിലെത്തി അറിയിക്കുക “
സുരേഷിനുള്ള മറുപടി നല്കി മുന്നോട്ട് വണ്ടിയോടിക്കുമ്പോഴും
ശകുന്തളയുടെ മനസ്സിൽ വ്യത്യസ്ഥവികാരങ്ങളുടെ വേലിയേറ്റമായിരുന്നു,
എട്ടു വർഷങ്ങൾക്ക് മുമ്പാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഭർത്താവിനും അമ്മായിയമ്മക്കുമൊപ്പം ശകുന്തള ഈ നാട്ടിലേക്ക് കുടിയേറുന്നത്,
ജില്ലാ ആസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിലെ പ്യുൺ ആയി ജോലി ചെയ്തിരുന്ന ഭർത്താവിന്റെയും , അമ്മായിയമ്മയുടെയും ജീവൻ കാലം തെറ്റി വന്ന കാലൻ പാണ്ടിലോറിയുടെ രൂപത്തിൽ കവർന്നതോടെ പിന്നീടങ്ങോട്ട് ഒറ്റക്കുള്ള ജീവിതമാണ് ശകുന്തള നയിക്കുന്നത്, കൂട്ടിന് അശ്രിതനിയമനത്തിന്റെ ഭാഗമായി കിട്ടിയ ജോലിയും,
കൂടെപിറപ്പിനെ പോലെ കരുതുന്ന കൂട്ടുകാരിയും സഹപ്രവർത്തകയുമായ സുധയുടെ ശ്വാസകോശത്തെ ക്യാൻസറിന്റെ കറുത്തകരങ്ങൾ ചൂഴ്ന്ന് തുടങ്ങിയതോടെ, സുധക്കും പതിനെട്ടുകാരൻ മകൻ സുജിത്തിനും താങ്ങായി നിന്നതും ശകുന്തള തന്നെയാണ്, പതിവ് ചെക്കപ്പിന് സുധയെ ഹോസ്പിറ്റലിൽ കൊണ്ട് പോകുവാനും, ആവശ്യമായ മരുന്നുകൾ വാങ്ങുവാനുമൊക്കെ അവർക്ക് സഹായമായി കൂടെ എപ്പോഴും ശകുന്തള ഉണ്ടായിരുന്നു,
ഓഫീസിൽ നിന്ന് മടങ്ങുന്ന വഴി താൻ സുധക്കായി വാങ്ങിയ മരുന്ന് ഏറ്റുവാങ്ങുവാനോ, വീട്ടിൽ താനുണ്ടാക്കിയ ഭക്ഷണത്തിന്റെ ഒരു പങ്ക് സുധക്കായ് വാങ്ങി കൊണ്ട് പോകുവാനോക്കെയായി ഇടക്കിടെ വീട്ടിലെത്തുന്ന സുജിത്തിനെ, അയൽവാസികളിൽ പലരും സംശയത്തോടെ നോക്കി കണ്ടപ്പോഴും, സുജിത്തിന്റെ വീട്ടിലേക്കുള്ള വരവിനെ മറ്റൊരുതലത്തിൽ വിലയിരുത്തിയപ്പോഴൊക്കെ അതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളാൻ ശകുന്തളക്ക് കഴിഞ്ഞിരുന്നു,
.
എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പു ശകുന്തളയുടെ വീട്ടിൽ അരങ്ങേറിയത് ആ നാട്ടിലെ സദാചാരസംരക്ഷണത്തിന്റെ മൊത്തകച്ചവടം ഏറ്റെടുത്ത ഒരുകൂട്ടം ആളുകളുടെ പെരുംങ്കളിയാട്ടമായിരുന്നു,
“കുറേ നാളായി ഞങ്ങൾ ശ്രദ്ധിക്കുന്നു, നിന്റെ ഈ പരിപാടി ഇനിയിവിടെ നടക്കില്ല,
ഞങ്ങളുടെയും മക്കളൊക്കെ വളർന്നു
വരുവാണ്,
അഴിഞ്ഞാട്ടം വേറെ വല്ലിടത്തും മതി “
വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങുമ്പോൾ സുധക്ക് വേണ്ടി വാങ്ങിയ മരുന്ന് മഴമൂലം വീട്ടിലെത്തിക്കാൻ കഴിയാഞ്ഞപ്പോൾ, അത് വാങ്ങുവാനായി വീട്ടിലെത്തിയ സുജിത്തിനെ കണ്ട്, സദാചാരസംരക്ഷണത്തിന്റെ പുത്തൻകുറ്റുകാരായ ഒരുപറ്റം ആളുകൾ തന്റെ വീട്ടിലെത്തി തുള്ളിയതോടെ,
” നിന്നെയൊന്നും ബോധിപ്പിച്ചിട്ട് എനിക്ക് ഒന്നും ചെയ്യേണ്ട ആവശ്യമില്ല,
എനിക്ക് ഇഷ്ട്ടമാണേൽ ചിലപ്പോൾ ഞങ്ങൾ കിടക്ക പങ്കിട്ടെന്നും വരും ,
അതൊക്കെ അന്വേഷിക്കാൻ ഒരുത്തനും ഈ വീടിന്റെ പടി കടന്നു അകത്തേക്ക് വരേണ്ട “
ശകുന്തളയുടെ മറുപടിയിൽ ആൾക്കൂട്ട വിചാരണക്കായി എത്തിയവർ മടങ്ങിയെങ്കിലും, താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് മുമ്പിൽ പോലും വിശദീകരണം നൽകേണ്ട അവസ്ഥ ശകുന്തളക്ക് സംജാതമായി,
അത് വഴി കടന്നുപോയ ഒരു ആംബുലൻസിന്റെ ഹോണടി ശബ്ദമാണ് ശകുന്തളയെ ഓർമ്മകളിൽ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നത്,
അപ്പോഴേക്കും സുധയുടെ വീട്ടിലേക്ക് പോകണോ, അതോ നേരേ ഓഫീസിലേക്ക് പോകണോ എന്ന ആശയകുഴപ്പം വീണ്ടും ശകുന്തളയെ അലട്ടാൻ തുടങ്ങി,
ദിവസേന ഒരു നേരമെങ്കിലും സുധയെ വീട്ടിൽ ചെന്ന് കാണുകയും രോഗ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്ന താൻ ഇപ്പോൾ അങ്ങോട്ട് പോയിട്ട് ദിവസം നാലാകുന്നു,
ശകുന്തളയുടെ ഓർമ്മകളിലേക്ക് സുധയുടെ വീട്ടിൽ അവസാനമായി താൻ പോയ ദിവസം കടന്നുവന്നു,
പതിവ് പോലെ ഓഫീസിലേക്ക് പോകുന്ന വഴി സുധയുടെ വാടകവീട്ടിൽ കയറി രോഗവിവരങ്ങൾ അന്വേഷിച്ചു, മടങ്ങാൻ ഒരുങ്ങവേയാണ് സ്വീകരണമുറിയിൽ വെച്ച് ശകുന്തളയുടെ അരകെട്ടുകളെ പിന്നിൽ നിന്ന് രണ്ടു കൈകൾ വരിഞ്ഞത്,
” ആളുകൾ പലതും പറയുന്നു, എന്തായാലും നമ്മൾ രണ്ടു പേരും നാറി, എന്റെ മനസ്സിൽ മുളപൊട്ടിയ വലിയൊരുആഗ്രഹമാണ് ചേച്ചി, ഇനിയിപ്പം അതങ്ങ് സാധിക്കട്ടെ “
തന്നെ വരിഞ്ഞു മുറുക്കിയ രണ്ടു കൈകളെ തള്ളി മാറ്റി പുറത്തേക്കിറങ്ങുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ ചുഴിയിൽ അകപ്പെട്ടത് പോലെ ഉലയുകയായിരുന്നു ശകുന്തള,
അകത്തു സുധ കിടക്കുന്ന മുറിയിൽ ഏതോ പളുങ്ക് പാത്രം താഴെ വീഴുന്ന ശബ്ദം അപ്പോൾ ശകുന്തളയുടെ കാതിലേക്കൊഴുകിയെത്തിയിരുന്നു,
###### ##### ####### ####### #######
പ്രധാന റോഡിൽ നിന്ന് സുധയുടെ വീട്ടിലേക്ക് പോകേണ്ട ഇടവഴിയിലേക്ക് തിരിയുമ്പോഴും, ഫണം വിടർത്തിയ രണ്ടു പാമ്പുകൾ ഇരുവശത്ത് നിന്നായി തന്റെ അരക്കെട്ടിനെ വരിഞ്ഞുമുറുക്കുന്നതായി ശകുന്തളക്ക് അനുഭവപെട്ടു,
പതിവില്ലാത്ത ആളനക്കം സുധയുടെ വീട്ടിൽ ശകുന്തള കണ്ടു,
വീടിനോട് ചേർന്ന് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറിയിൽ സാധനങ്ങൾ കയറ്റുന്ന യൂണിയൻ തൊഴിലാളികൾക്കൊപ്പം നിൽക്കുകയാണ് സുജിത്,
” പോവാടോ, ഇനി ഞാൻ അധികനാൾ ഉണ്ടാകില്ല, മരണം ജനിച്ചുവീണ മണ്ണിൽ തന്നെ ആകട്ടെ എന്ന് കരുതി “
ഉമ്മറത്ത് കസേരയിലിരിക്കുന്ന സുധക്ക് സമീപമെത്തിയ ശകുന്തളയുടെ ഇരുകൈകളിലും ചേർത്ത് പിടിച്ചുകൊണ്ട് നിറകണ്ണുകളോടെ സുധ തുടർന്നു,
” നീ ഒരുപാട് സഹായങ്ങൾ ഞങ്ങൾക്ക് ചെയ്തിട്ടുണ്ട്, അതിന് നീ അനുഭവിക്കുകയും ചെയ്തു,
മടങ്ങി പോകും മുമ്പ് ഒരിക്കൽകൂടി കാണണമെന്ന് ഉണ്ടായിരുന്നു അതാണ് വിളിച്ചത്, ഒരുപക്ഷേ ഇനി നമ്മൾ തമ്മിൽ കണ്ടെന്നു വരില്ല″
സുധ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ശുദ്ധസൗഹൃദത്തിന്റെ പ്രതീകമെന്നോണം ഇരുവരും ആലിംഗനം ചെയ്യുമ്പോൾ രണ്ടുജോഡി കണ്ണുകളിലും ഒരു മഹാപ്രളയം പിറവിയെടുത്തു കഴിഞ്ഞിരുന്നു,
ഏറെ നാൾ താമസിച്ച ആ നാടിനോട് യാത്ര പറഞ്ഞു സുധ മടങ്ങുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കാൻ മാത്രമേ ശകുന്തളക്ക് കഴിഞ്ഞുള്ളു,
സുധയും സുജിത്തും സഞ്ചരിക്കുന്ന വാഹനം കണ്മുന്നിൽ നിന്ന് മാഞ്ഞുപോയ നിമിഷം തന്നെ ശകുന്തളയെ തേടി ഒരു വാട്ട്സാപ്പ് സന്ദേശമെത്തിയിരുന്നു ,
” എല്ലാം അമ്മ അറിഞ്ഞു, അതാണ് പെട്ടന്നൊരു മടക്കം ,
എന്നിൽ നിന്നുണ്ടായ ഒരു നിമിഷത്തെ അവിവേകം നിങ്ങളുടെ രണ്ടുപേരുടെയും മനസ്സിൽ വലിയ മുറിവുണ്ടാക്കി, ക്ഷമിക്കണം എന്നോട് “
സുജിത്തിന്റെ മെസ്സേജ് വായിച്ചു കഴിഞ്ഞപ്പോഴും പ്രത്യേകിച്ച് ഭാവഭേദമൊന്നും ശകുന്തളയിൽ പ്രകടമായില്ല,
###### ########## ##########
” ചേച്ചിയെ സുജിത്തിന് മാത്രം കൊടുക്കാതെ ഞങ്ങൾക്ക് കൂടിയൊക്കെ താ, “
ഇടവഴിയിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുവാനുള്ള സിഗ്നൽ കാത്ത് നിൽക്കവേയാണ് ശകുന്തളക്ക് എതിർവശത്തു കൂടി വന്ന ബൈക്കിലെ ചെറുപ്പക്കാരുടെ കമന്റ് നേരിടേണ്ടി വന്നത് ,
ഹെൽമറ്റ് തലയിൽ നിന്നൂരി മറുപടി നൽകാനായി തിരിഞ്ഞു നോക്കുമ്പോഴേക്കും അവർ ഏറെ ദൂരം പിന്നിട്ടിരുന്നു,
Recent Comments